744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി സംസ്ഥാന നേതാവ് അറസ്റ്റില്‍

കോഴിക്കോട് കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി സംസ്ഥാന നേതാവ് എക്സൈസ് പിടിയില്‍. എസ്.എന്‍.ഡി.പി യോഗം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ വി.പി അശോകനാണ് എക്സൈസ് പിടികൂടിയത്.

വ്യാജ കള്ള് ഉണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വി.പി സുധാകരനും, എക്സൈസ് സര്‍ക്കിളിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ ഗിരീഷും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

ഇയാളുടെ വീടിന് സമീപത്തെ ഷെഡ്ഡില്‍ നിന്ന് വ്യാജ കള്ള് നിര്‍മ്മാണത്തിനുള്ള പഞ്ചസാര ലായനിയും പിടികൂടി. ഇയാള്‍ക്ക് കാരന്തൂരില്‍ കള്ള് ഷാപ്പ് ഉണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി എക്സൈസ് ഇന്റലിജന്‍സ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. രാവിലെ പത്തുമണിയോടെ ഇയാളുടെ വീട്ടിലെത്തിയ എക്സൈസ് സംഘമാണ് അശോകനെ കസ്റ്റഡിയിലെടുത്തത്.