സ്വർണം ഉപയോഗിച്ചത് മെറ്റൽ കറൻസിയായി; സിനിമാ നിർമ്മാതാക്കൾക്കും മെറ്റൽ കറൻസി നൽകിയെന്ന് സരിത്തിന്റെ വെളിപ്പെടുത്തൽ 

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം ഉപയോഗിച്ചത് മെറ്റൽ കറൻസിയായിട്ടാണെന്ന് വെളിപ്പെടുത്തൽ. ഹവാല പണത്തിന് പകരം സ്വർണം നൽകി. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും മെറ്റൽ കറൻസ് ഉപയോഗിച്ചു. സിനിമാ നിർമാതാക്കൾക്കും മെറ്റൽ കറൻസ് നൽകി. സിനിമാ താരങ്ങൾക്ക് പ്രതിഫലം നൽകാൻ പലരും സ്വർണം ഉപയോഗപ്പെടുത്തിയെന്നും സരിത്തിൻറെ വെളിപ്പെടുത്തൽ

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. രാവിലെ 11.15 ഓടെയാണ് ബെംഗളൂരുവിൽനിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ അതിർത്തി കടന്നത്. മൂന്ന് വാഹനങ്ങളിലായാണ് എൻ.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്.

ഉച്ചയോടെ എൻ.ഐ.എ. സംഘം കൊച്ചിയിലെത്തും. ശേഷം ഇരുവരെയും എൻ.ഐ.എ.യും കസ്റ്റംസും വിശദമായി ചോദ്യംചെയ്യും. പ്രതികളെ ആദ്യം കൊച്ചിയിലെ എൻ.ഐ.എ. കേന്ദ്രത്തിലാകും എത്തിക്കുക. അതിനുശേഷം എൻ.ഐ.എ. കോടതിയിൽ ഹാജരാക്കും.

Read more

സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. എന്നാൽ അതുവരെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിവിധ ഏജൻസികൾ ഒരുമിച്ച് സ്വപ്നയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും അന്വേഷണ ഏജൻസികൾക്ക് വേണ്ട വിവരങ്ങൾ നൽകുന്നുണ്ടായിരുന്നു.