കൊച്ചി കായലില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്; 'കൊന്നശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളി'

കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. കൊലപാതകത്തിനുശേഷം യുവതിയുടെ മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

വീപ്പയുടെ അകത്ത് കോണ്‍ക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച് മുകള്‍ വശവും കോണ്‍ക്രീറ്റ് കൊണ്ട് മൂടുകയായിരുന്നു. കൊലപാതകം ഒരിക്കലും പുറത്തറിയാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്ന സംശയത്തിലാണ് പൊലീസ്. തലകീഴായി നിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റ് നിറച്ചപ്പോള്‍ അസ്ഥികള്‍ ഒടിഞ്ഞുമടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേര്‍ന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്.

നാല് മാസം മുന്‍പ് മല്‍സ്യത്തൊഴിലാളികളാണ് കായലില്‍ നിന്ന് വീപ്പ കണ്ടെത്തി കരയിലേക്ക് ഇട്ടത്. മൃതദേഹം അഴുകിയതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് ഉയര്‍ന്ന നെയ്, ജലത്തിന്റെ ഉപരിതലത്തില്‍ എത്തിയപ്പോഴാണ് മല്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതേത്തുടര്‍ന്ന് ഇവര്‍ വീപ്പ കണ്ടെത്തി പരിശോധിച്ചെങ്കിലും ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ കരയിലേക്ക് ഇട്ടു. തുടര്‍ന്ന് വീണ്ടും ദുര്‍ഗന്ധം വമിച്ചപ്പോഴാണ് വീപ്പ പൊട്ടിച്ച് പരിശോധിക്കുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഉന്മേഷ് പോസ്റ്റുമോര്‍ട്ടം നടത്തി. ഡിഎന്‍എ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.