ദേവനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു; ജില്ലാ, സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കി

കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ഏഴു വയസുകാരി ദേവനന്ദയ്ക്കായി  തിരച്ചിൽ ഊര്‍ജ്ജിതമാക്കി. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും പൊലീസ്‍ തിരച്ചില്‍ നടത്തുകയാണ്. വാഹന പരിശോധനയും നടത്തുന്നുണ്ട്. അതിനിടെ, ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.

ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കൊല്ലം ജില്ലാ കളക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിടുണ്ട്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ധരും വിരലടയാള വിദഗ്ധരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് കാണാതായ ഏഴു വയസ്സുള്ള ദേവനന്ദക്കായി തിരച്ചില്‍ നടത്തുന്നത്.

അടുത്ത ബന്ധുക്കള്‍, കുട്ടിയുടെ അമ്മ തുടങ്ങിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അടുത്ത പ്രദേശങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകളിലും സമീപത്തെ പുഴയിലും തിരച്ചില്‍ തുടരാനാണ് പൊലീസ് തീരുമാനം. പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മോബല്‍ ടവ്വറുകള്‍ കേന്ദ്രീകരിച്ചും സൈബർ വിദഗ്ധരുടെ സംഘം അന്വേഷണം തുടരുകയാണ്. സമീപവാസികളായ നാട്ടുകാരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.

Read more

റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാന്‍റ് എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കേരളത്തിലെ അതിർത്തി പ്രദേശങ്ങളില്‍ വാഹന പരിശോധനക്കും പൊലീസിന് നിർദ്ദേശം നല്‍കിയതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കുട്ടിയെ കാണാതായതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന തെറ്റായ സന്ദേശങ്ങളും സൈബർ പൊലീസ് നിരീക്ഷിച്ച് വരികയാണ്.