ആറ് ചെറിയ ഡാമുകൾ തുറന്നു, പെരിങ്ങൽക്കുത്തിൽ ആശങ്ക, വലിയ ഡാമുകളിൽ പ്രതിസന്ധിയില്ല

സംസ്ഥാനത്ത് മഴ കനത്തതോടെ ചെറിയ ഡാമുകൾ പരമാവധി സംഭരണശേഷിയിലേക്ക് നീങ്ങുന്നു. ഇവയിൽ പലതും തുറന്നു വിട്ടിട്ടുണ്ട്. ആറോളം ചെറിയ ഡാമുകളാണ് ഇതിനകം തുറന്നു വിട്ടത്. ഇടുക്കിയിലെ മലങ്കര, കല്ലാർകുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താൻകെട്ട്, തിരുവനന്തപുരത്തെ അരുവിക്കര, കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്.

തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിന്റെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴ തുടരുകയാണെങ്കിൽ ഇവിടെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് പെരിങ്ങൽക്കുത്ത് ഡാം കവിഞ്ഞൊഴുകിയതാണ് എറണാകുളം, തൃശൂർ ജില്ലകളിൽ കെടുതി രൂക്ഷമാകാൻ കാരണം. കല്ലാർക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടർ വീതവും, ഭൂതത്താൻകെട്ട് ഡാമിന്റെ ഒമ്പത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്. തുറന്ന ഡാമുകളെല്ലാം താരതമ്യേന ചെറിയ അണക്കെട്ടുകളുടെ വിഭാഗത്തിൽ പെടുന്നവയാണ്.

കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. 10 ക്യൂമെക്‌സ് വെള്ളമാണ് ഇപ്പോള്‍ സെക്കന്‍ഡില്‍ പുറത്തേക്കൊഴുകുന്നത്. പാംബ്ല അണക്കെട്ടില്‍ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യൂമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒമ്പത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. അതേസമയം, വലിയ അണക്കെട്ടുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. എസ് പിള്ള പറഞ്ഞു. ജലനിരപ്പ് കുറവായതാണ് കാരണം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ചത്തേക്കാള്‍ 0.78 അടി വര്‍ദ്ധിച്ച് 2304.4 അടിയിലെത്തി. കഴിഞ്ഞവര്‍ഷം ഇത് 2380.42 അടിയായിരുന്നു. കഴിഞ്ഞ ദിവസം പമ്പാ നദിയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. മണപ്പുറത്തെ കടകളില്‍ വെള്ളം കയറി നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. മഴ ശമിയ്ക്കാത്തതിനാല്‍ പമ്പയിലെ വെള്ളപ്പൊക്കവും തുടരുകയാണ്.

അതേസമയം, ശക്തമായ മഴ തുടരുന്നതിനിടെ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു. 419.30 മീറ്ററായി ജലനിരപ്പ് ഉയർന്നു. ജല നിരപ്പ് ഇനിയും ഉയർന്നാൽ ഷട്ടർ തുറക്കേണ്ടി വരും. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 424 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. മുഴുവന്‍ ഷട്ടറുകളും പരമാവധി ഉയര്‍ത്തിയിട്ടും. അണക്കെട്ടിന്റെ മുകളിലൂടെ വെള്ളം കുത്തിയൊലിച്ച് പോവുന്ന അവസ്ഥയും ഡാമിന്റെ ഷട്ടറുകൾ കേടായി പോവുന്ന അവസ്ഥയും വന്നതോടെയാണ് കഴിഞ്ഞ തവണ സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്.