'ഞാന്‍ ഈ മഠത്തില്‍ തന്നെ താമസിക്കും; കുറ്റക്കാരിയല്ലെന്ന ബോദ്ധ്യമുള്ളിടത്തോളം സഭയിലെ പ്രമാണികള്‍ക്കു മുന്നില്‍ തോറ്റുകൊടുക്കില്ല': സി. ലൂസി കളപ്പുര

കുറ്റക്കാരിയല്ലെന്ന ബോദ്ധ്യമുള്ളിടത്തോളം മഠത്തില്‍ തന്നെ താമസിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. “ഒരു പൗരന് അവകാശങ്ങളുണ്ട്, അത് സംരക്ഷിക്കപ്പെടണം. അതിനു വേണ്ടി ഈ രാജ്യത്തെ നീതിന്യായ കോടതിയെ സമീപിക്കും. എന്തു വന്നാലും മഠം വിട്ട് പോകില്ല. ഞാന്‍ ഈ മഠത്തില്‍ തന്നെ താമസിക്കും. കുറ്റക്കാരിയല്ലെന്ന ബോദ്ധ്യമുള്ളിടത്തോളം സഭയിലെ പ്രമാണികള്‍ക്കു മുമ്പില്‍ തോറ്റു കൊടുക്കുകയുമില്ല”,സി. ലൂസി പറയുന്നു.

ഈ പ്രമാണികള്‍ തങ്ങള്‍ക്ക് താത്പര്യമില്ലാത്തവരെയെല്ലാം പുറത്താക്കുന്നതാണ് പതിവ്. തന്റെ സന്യാസ സഭയില്‍ നിന്നും മറ്റ് സന്യാസ സഭകളില്‍ നിന്നും അധികാരികളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാകാത്തവരെ കള്ള ആരോപണങ്ങള്‍ ചുമത്തി പാപികളാക്കി ചിത്രീകരിച്ച് പലരേയും പുറത്താക്കിയിട്ടുണ്ടെന്ന് സി. ലൂസി പറഞ്ഞു.

“അധികാരികളുടെ ഇഷ്ടം സമ്പാദിച്ചു നിന്നില്ലെങ്കില്‍ പുറത്താക്കുമെന്നാണ് നിയമം എഴുതി വെച്ചിരിക്കുന്നതെങ്കില്‍ ആ നിയമം പൊളിച്ചെഴുതണം. ഞാന്‍ അംഗീകരിക്കില്ലത്. എന്നെ എന്തുവന്നാലും പുറത്താക്കണമെന്ന വാശിയിലായിരുന്നല്ലോ ഇവിടെയുള്ളവര്‍. എന്റെ സന്യാസി സഭയിലും പുറത്തുള്ളവരുമൊക്കെ അതിനു വേണ്ടി ചരടുവലികള്‍ നടത്തി. ഇവിടെ നിന്നും വലിയ തോതില്‍ വത്തിക്കാനില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ എന്റെ അപ്പീല്‍ തള്ളിക്കളഞ്ഞത്”.

തനിക്കെതിരായ നീക്കത്തിനു പിന്നില്‍ കേരളത്തിലെ സഭാ നേതൃത്വങ്ങളുടെ, ആത്മീയ നേതൃത്വങ്ങളുടെ, സന്യാസ സഭ നേതൃത്വങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടെന്ന് സി. ലൂസി ആരോപിക്കുന്നു.

സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിന് പിന്നാലെ സഭാഅധികൃതര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിക്ക് സഭാനേതൃത്വം വീണ്ടും കത്തയച്ചിരിക്കുകയാണ്. എഫ്.സി.സി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്.

അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സഭയില്‍ നിന്ന് പുറത്തു പോകുകയോ അല്ലെങ്കില്‍ സഭയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ട് പൊലീസ് പരാതികള്‍ തുടങ്ങിയ പിന്‍വലിച്ച് മാപ്പുപറഞ്ഞ് അത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.