അഭയ കേസ്; സിസ്റ്റർ അനുപമ വിചാരണക്കിടെ കൂറുമാറി

അഭയ കേസിലെ സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി. അഭയയോടൊപ്പം കോൺവെന്റിൽ താമസിച്ച വ്യക്തിയാണ് അനുപമ. അനുപമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു. ചെരുപ്പും ശിരോവസ്ത്രവും അടുക്കളയിൽ കണ്ടെന്നായിരുന്നു അനുപമയുടെ ആദ്യമൊഴി. എന്നാൽ ഒന്നും കണ്ടില്ലെന്ന് വിസ്താരവേളയിൽ സിസ്റ്റർ അനുപമ കോടതിയിൽ ഇന്ന് പറഞ്ഞു .

പ്രോസിക്യൂഷൻ പട്ടികയിൽ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, രണ്ട് സാക്ഷികൾ മരിച്ചതിനെ തുടർന്നാണ് സിസ്റ്റർ അനുപമയെ ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്നാണ് തുടങ്ങിയത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 2009- ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവെയ്ക്കുകയായിരുന്നു.