മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പൊലീസ് റിപ്പോര്‍ട്ടിനെ തള്ളി സിറാജ് മാനേജ്‌മെന്റ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുക്കാന്‍ വൈകിയത് സിറാജ് മാനേജ്മെന്റ് പരാതി നല്‍കാന്‍ വൈകിയതു കൊണ്ടാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തള്ളി സിറാജ് മാനേജ്‌മെന്റ്. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയത് ആരെയോ രക്ഷിക്കാനാണെന്നാണ് സിറാജ് മാനേജ്‌മെന്റെ് ആരോപിച്ചു.

ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയെന്ന് മാനേജ്‌മെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം യൂണിറ്റ് മേധാവി സെയ്ഫുദീന്‍ ഹാജി മീഡിയവണിനോട് പറഞ്ഞു.കോടതി നീരീക്ഷണത്തില്‍ അന്വേഷണം മുന്നോട്ടുപോകണമെന്നാണ് സിറാജ് മാനേജ്‌മെന്റിന്റെ ആവശ്യം.

ഏഴ് മണിക്കൂറിന് ശേഷമാണ് പരാതി നല്‍കാന്‍ മാനേജ്മെന്റ് തയ്യാറായതെന്നും വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. പരാതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വഫയുടെ വൈദ്യ പരിശോധന നടത്തണമെന്ന് പറഞ്ഞ് പരാതിക്കാരന്‍ തര്‍ക്കിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്ന സമയത്ത് രക്ത പരിശോധന നടത്താതിരുന്നത് എസ്.ഐയുടെ വീഴ്ചയാണ്. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത് ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.