സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം ഗുണമായി, കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധന

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയത് നേട്ടമുണ്ടാക്കിയെന്ന് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. ഈ രീതി അവലംബിച്ചത് വഴി പാറശാല ഡിപ്പോയുടെ വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് കണ്ടെത്തല്‍.

നേരത്തെ ലഭിച്ചിരുന്ന വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസേന 80,000-90,000 രൂപ വരെ വര്‍ധിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായ ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.

സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കിയത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണെന്നും ഇതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പാറശ്ശാല ഡിപ്പോയില്‍ മാത്രമാണ് പരിഷ്‌കരണം നടപ്പിലാക്കിയത്. അടുത്ത ഘട്ടത്തില്‍ മറ്റു ഡിപ്പോകളിലേക്കും ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ആണ് നടപ്പിലാക്കിയത്. എട്ട് ഡിപ്പോകളില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്മെന്റ് പിന്നീട് പിന്മാറുകയായിരുന്നു. സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ എതിര്‍പ്പ് അറിയിച്ചിരുന്നു.

ഈ സംവിധാനത്തിലെ ചില അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.