സില്‍വര്‍ലൈന്‍; ഭരണത്തില്‍ ഇടപെടില്ല, ക്രമസമാധാനം ഉറപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഗവര്‍ണര്‍

സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരെയുള്ള സമരങ്ങളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാനം തകര്‍ന്നാല്‍ ജനങ്ങളുടെ വിശ്വാസമാണ് ഇല്ലാകാകുന്നത്. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ ഉണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടാകില്ലെന്നും സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അതേ സമയം, സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള സാമൂഹികാഘാത പഠനം വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ തുടക്കമാണ് സാമൂഹിക ആഘാത പഠനമെന്നും അത് വിജ്ഞാപനത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയോ റെയില്‍വേയോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇടതു പക്ഷ സഹയാത്രികര്‍ക്കും ഇടതുപക്ഷ അനുകൂലികള്‍ക്കും കെ റെയിലിനോട് അതൃപ്തിയുണ്ട്. ജനഹിതത്തിന് എതിരാണെങ്കിലും പദ്ധതി നടപ്പാക്കുമെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിനുള്ളത്.

പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നില്ല. ശ്രീലങ്കയ്ക്ക് സമാനമായ, അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സില്‍വര്‍ ലൈന്‍ കേരളത്തെ എത്തിക്കും എന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ സര്‍വേ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയാണെന്ന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.