സില്‍വര്‍ലൈന്‍ പ്രതിഷേധം; അതിക്രമം വെച്ചുവാഴിക്കില്ല, കാടന്‍രീതിയിലാണോ പൊലീസ് സമരങ്ങളെ നേരിടേണ്ടത്: വി.ഡി സതീശന്‍

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കഴക്കൂട്ടം കരിച്ചാറയില്‍ നടന്ന പ്രതിഷേധത്തില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് തീക്കൊള്ളി കൊണ്ട് തലചൊറിയരുത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘ്യാതമുണ്ടാകും. അതിക്രമങ്ങള്‍ വച്ചു വാഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കാടന്‍ രീതിയിലാണോ പൊലീസ് സമരങ്ങളെ നേരിടേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സില്‍ലര്‍ലൈന്‍ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്നു. എത്ര കല്ലിട്ടാലും പിഴുതെറിയും. അത് നിയമലംഘനമാണെങ്കില്‍ ളിക്ഷ അനുഭവിക്കാന്‍ തയ്യാറാണ്. സ്ഥലം നഷ്ടമാകുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ പദ്ധതിയുടെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം കരിച്ചാറിയല്‍ കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തിയത്. നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒരാള്‍ ബോധരഹിതനായി വീണു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തി മടങ്ങുകയായിരുന്നു.