സില്‍വര്‍ ലൈന്‍: ജനങ്ങളെ ബോദ്ധ്യപ്പെടുത്തി മുന്നോട്ട് പോകും, പദ്ധതിക്ക് കേന്ദ്രസഹായം തേടുമെന്ന് കെ. എന്‍ ബാലഗോപാല്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. സില്‍വര്‍ ലൈനിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര ബജറ്റില്‍ സംസ്ഥാനം കൂടുതല്‍ വിഹിതം ആവശ്യപ്പെടുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്ര യോഗത്തില്‍ പങ്കെടുക്കാനായാണ് മന്ത്രി ഡല്‍ഹിയില്‍ എത്തിയത്.

കെ റെയില്‍ പദ്ധതി നടത്തിപ്പിനായി കേന്ദ്രത്തോട് സഹായം തേടും. റെയില്‍വേയുടെ വിഹിതമായ 2000 കോടി ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കണം എന്നാണ് ആവശ്യപ്പെടുക. റെയില്‍വേ ഇത് നല്‍കുമെന്ന് അറിയിച്ചട്ടില്ല. കേന്ദ്രത്തോട് ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ മാസം കത്തയച്ചിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആകെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഇക്കാര്യത്തില്‍ ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടു കൊണ്ട് ലഘുലേഖ പുറത്തിറക്കിയിട്ടുണ്ട്. കെ റെയില്‍ പദ്ധതി പ്രകൃതിയെ നശിപ്പിക്കുമെന്നും, കേരളത്തില്‍ കൂടുതല്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകും എന്നും ഉള്ള വാദം ശക്തമാണ്.

Read more

അതേസമയം കെ റെയില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നില്ലെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പദ്ധതി മൂലം കുടിയോഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കും. കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും നല്‍കുമെന്നും സിപിഎം പറഞ്ഞു.