എസ്.ഐയുടെ മരണം: ജോലി സമ്മര്‍ദ്ദവും തൊഴില്‍ പീഡനവുമാണ് കാരണമെന്ന് സഹോദരന്‍

ഇടുക്കി വാഴവരയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌ഐ അനില്‍കുമാറിന് കടുത്ത ജോലി സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് സഹോദരന്‍ സുരേഷ് കുമാര്‍. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമ്മയ്ക്ക് വയ്യാതായപ്പോള്‍ പോലും ലീവ് കൊടുത്തിരുന്നില്ല. സഹപ്രവര്‍ത്തകര്‍ കാരണം കാന്റീന്‍ നടത്തിപ്പില്‍ വലിയ നഷ്ടം ഉണ്ടായി. പൊലീസ് അക്കാദമിയില്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം ഉണ്ടായിരുന്നതായി അനില്‍കുമാര്‍ പറഞ്ഞിരുന്നെന്നും സുരേഷ് പറഞ്ഞു.

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കുമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അനില്‍ കുമാറിന്റെ ആത്മഹത്യാകുറിപ്പില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എഎസ്‌ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ മാനസികപീഡനം സഹിക്കാന്‍ വയ്യാതെയാണ് മരിക്കുന്നതെന്ന് അനില്‍കുമാര്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. എഎസ്‌ഐ രാധാകൃഷ്ണന്‍ നടത്തിയ സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കണമെന്നും കത്തില്‍ എസ്‌ഐ അനില്‍കുമാര്‍ എഴുതുന്നു.

ബുധനാഴ്ച ഉച്ചക്കാണ് എസ്‌ഐ അനില്‍കുമാറിനെ വാഴവരയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ഭാരവും സഹപ്രവര്‍ത്തകരുടെ മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് ഇതിന് പിന്നാലെ കണ്ടെടുത്തു. വര്‍ഷങ്ങളായി അക്കാദമിയിലാണ് അനില്‍കുമാര്‍ ജോലി ചെയ്യുന്നത്. ഇവിടത്തെ ക്യാന്റീന്‍ അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് കുറച്ച് കാലമായി നടന്നുവരുന്നത്. ഇതിന്റെ ഭാരം താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മാത്രമല്ല, എഎസ്‌ഐ രാധാകൃഷ്ണന്‍ ഇതിനിടെ വല്ലാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.