'ശ്രീരാമന്‍ നീതിയുടെയും ന്യായത്തിന്റെയും ധാര്‍മ്മിക ധൈര്യത്തിന്റെയും പ്രതീകം'; ഈ ഇരുണ്ട കാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണെന്ന് ശശി തരൂര്‍

ശ്രീരാമന്‍ നീതിയുടെ പ്രതീകമെന്ന് ശശി തരൂര്‍ എംപി. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന് നടക്കാനിരിക്കെയാണ് ശശി തരൂരിൻറെ പ്രതികരണം. രാമന്‍ നീതിയുടെയും ന്യായത്തിന്റെയും ധാര്‍മ്മിക ധൈര്യത്തിന്റെയും പ്രതീകമാണെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

“ശ്രീരാമന്‍ നീതിയുടെ പ്രതീകമാണ്, നീതിയുടെയും ന്യായത്തിന്റെയും ധാര്‍മ്മിക ധൈര്യത്തിന്റെയും പ്രതീകം. ഈ  ഇരുണ്ട കാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണ്. ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്തിന് സ്ഥാനം ഉണ്ടാകില്ല”- ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ രംഗത്തു വന്നിരുന്നു. സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു.

ഭഗവാന്‍ ശ്രീരാമന്‍ ഐക്യവും സൗഹാര്‍ദ്ദവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാമന്‍ അന്തസ്സും മനുഷ്യത്വവുമാണ്. ധൈര്യവും സംയമനവുമാണ്. ബലഹീനര്‍ക്ക് ശക്തിയാണ്. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും പ്രതീക്ഷിക്കുന്ന പ്രസ്താവനയാണ് പ്രിയങ്കാ ഗാന്ധി നടത്തിയതെന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു.

അതേസമയം അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന് പതിനൊന്നരയ്ക്ക് തുടങ്ങും. പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയെത്തും. 32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക. 175 പേര്‍ ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമിപൂജയ്ക്ക് എത്തിച്ചിട്ടുണ്ട്. പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോദ്ധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും.