സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസഡർ ആണ് ശശി തരൂർ: വി.മുരളീധരൻ

സിൽവർ ലൈൻ പദ്ധതിക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ അംബാസഡർ ആണ് ശശി തരൂർ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശശി തരൂർ സിൽവർ ലൈൻ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയി വന്നതിനുള്ള സാഹചര്യം എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് കോൺഗ്രസ് എടുത്തുകൊണ്ടിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. സിൽവർ ലൈൻ പദ്ധതിയിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകൾക്ക് ഒപ്പമാണ് കോൺഗ്രസ് എങ്കിൽ ആദ്യം ചെയ്യേണ്ടത് ശശി തരൂരിനോട് വിശദീകരണം ചോദിക്കുകയല്ല ശശി തരൂരിന്റെ നിലപാട് തിരുത്തിക്കാനും നിലപാട് തിരുത്തുന്നില്ലെങ്കിൽ തുടർന്ന് കോൺഗ്രസ് എന്ത് ചെയ്യും എന്നുള്ളത് ജനങ്ങളോട് തുറന്നു പറയുകയുമാണ് വേണ്ടത് എന്ന് മുരളീധരൻ പറഞ്ഞു.

ശശി തരൂര്‍ എംപിയുടെ നിലപാടിനെതിരെ കടുത്ത അമര്‍ഷമാണ് കോൺഗ്രസിലുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ നീക്കത്തെ തരൂര്‍ പിന്തുണച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ തരൂരിനെ താക്കീത് ചെയ്യണമെന്ന ആവശ്യം പോലും സംസ്ഥാന ഘടകത്തില്‍ നിന്നുണ്ടായി. സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയേയും തരൂര്‍ അഭിനന്ദിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായി.

കെ റെയിൽ വിഷയത്തിൽ പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്ന തരൂരിന്റെ പ്രസ്താവനയിൽ തെറ്റൊന്നും കാണുന്നില്ല എന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചത്. വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ് പാർട്ടി. പക്ഷെ പാർട്ടി ഔദ്യോഗികമായി ഒരു നിലപാട് എടുക്കുന്നത് വരെ മാത്രമേ അത് പാടുള്ളൂ. പാർട്ടി എല്ലാവരുമായും ചർച്ച ചെയ്യും അതിന് ശേഷം ഒരു നിലപാട് എടുക്കും ആ നിലപാടുമായെ പ്രവർത്തകർക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിനോടൊപ്പം തരൂരും നിൽക്കേണ്ടി വരുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.