വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാട്; സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നു; ആഞ്ഞടിച്ച് ശശി തരൂര്‍

കേരള സര്‍ക്കാരിന്റെ വികല നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി. വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടാണ്. തൊഴിലില്ലായ്മ കേരളത്തില്‍ ദിനംപ്രതി കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുകയാണെന്നും അദേഹം വിമര്‍ശിച്ചു. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നു. ഇങ്ങനെ എത്ര നാള്‍ മുന്നോട്ട് പോകുമെന്ന് അദേഹം ചോദിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് അനുകൂലമായാണ് തരൂര്‍ പ്രതികരിച്ചത്. വിഴിഞ്ഞം തുറുമുഖത്തിന്റെ പണി നിര്‍ത്തവയ്കുന്നതൊഴിച്ച് മല്‍സ്യത്തൊഴിലാളികളുടെ ഏത് ആവശ്യവും അംഗീകരിക്കാം എന്ന് നിലപാടാണ് തരൂര്‍ കൈക്കൊളളുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ തന്നെ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഇനി ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ കനത്ത നഷ്ടമാണ് ഉണ്ടാവുക. കേരളത്തിന് വളരെയേറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. ഇന്ത്യക്കും അത് കൊണ്ട് ഗുണമുണ്ടാകും.

അതേ സമയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സമരത്തിന് പരിഹാരമാകും വരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്കണമെന്നാണ്. ഇതിനെ പരസ്യായി തള്ളുകയാണ് ശശി തരൂര്‍. കോണ്‍ഗ്രസില്‍ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് തന്റെ അത്രയും പഠിച്ചവര്‍ ആരും കാണില്ലന്നും ശശി തരൂര്‍ പറഞ്ഞു. സമരം ചെയ്യുന്നവര്‍ ശാന്തരായി ആലോചിച്ച് വിഷയം മനസിലാക്കി തിരുമാനമെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍കൊടുത്ത ഉറപ്പുകളെല്ലാം പാലിക്കുകയും വേണം. തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന ഒരു വിദഗ്ധ സമിതിയെ വച്ച് സര്‍ക്കാര്‍ പഠിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.