പിലാത്തറയില്‍ ഷാര്‍ലറ്റിന്റെയും കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടിനു നേരെ ബോംബേറ്

പിലാത്തറയിലെ ഷാര്‍ലറ്റിന്റെയും കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഏപ്രില്‍ 23ന് തന്റെ വോട്ട് മറ്റാരോ ചെയ്തതിനാല്‍ ഷാര്‍ലറ്റിന് പോളിങ്ങ് ബൂത്തിന് അടുത്ത് വരെ എത്തിയിട്ടും വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നിരുന്നു. ഇന്നലെ റീ പോളിങ്ങ് നടന്ന ബൂത്തില്‍ ഷാര്‍ലറ്റ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ വാക്കേറ്റം ഉണ്ടായിരുന്നു.

പിലാത്തറ 19-ാം നമ്പര്‍ ബൂത്ത് ഏജന്റായിരുന്നു വി.ടി.വി പത്മനാഭന്‍. ബോംബേറില്‍ ഇവരുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്ക് കേടുപാട് പറ്റി. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

Read more

ഇന്നലെ റീപോളിങ്ങിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഷാര്‍ലറ്റുമായി ബൂത്തില്‍ സംസാരിച്ചു എന്നാരോപിച്ചായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ പ്രശ്‌നം ഉണ്ടാക്കിയത്.