‘സഖാവ് കെ. കെ രമ കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും, അച്ഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയപ്രസ്ഥാനമാണ് മകന്റേതും’

ലോക് സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ തീപാറും പോരാട്ടമായിരിക്കും നടക്കുക. പി. ജയരാജനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരനെ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി വടകര മാറിയത്. ടി.പി വധക്കേസില്‍ ആരോപണവിധേയനായ പി.ജയരാജനെതിരെ കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നിര്‍ണായക തീരുമാനത്തിലേക്ക് വഴി തെളിയിച്ചത് ടി.പിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമയുടെ ഇടപെടല്‍ കൂടിയായിരുന്നു. എന്നാല്‍, കെ കെ രമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രമയ്‌ക്കെതിരെ പരോക്ഷമായി ശാരദക്കുട്ടി രംഗത്തെത്തിയത്. സഖാവ് കെ.കെ.രമ, കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍. അഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും. കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരുമെന്നും ശാരദക്കുട്ടി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും.

കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികൾ പടിക്കലേക്ക് ചായ്ച്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോർമ്മിപ്പിച്ചു കൊണ്ട്.

ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ആർക്കുമവർ സ്വസ്ഥത തരില്ല.

എസ്.ശാരദക്കുട്ടി

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ…

Posted by Saradakutty Bharathikutty on Tuesday, 19 March 2019