പൊലീസിനെതിരെ ഭീഷണിമുഴക്കി വീഡിയോ: ​മണിക്കൂറുകള്‍ക്കകം ഗുണ്ടാത്തലവൻ അറസ്റ്റിൽ

വീട് കയറി ആക്രമണം നടത്തിയ ശേഷം ഒളിവില്‍ കഴിയവെ പൊലീസിനെ ഭീഷണിപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തലവനും കണ്ണൂര്‍ നാറാത്ത് സ്വദേശിയുമായ ഷമീമിനെ പൊലീസ് പിടികൂടി. നാദാപുരം സിഐ ഇ.വി ഫായിസ് അലിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാറത്ത് നിന്നും അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നു കളഞ്ഞ ഷമീമിനെ ബലമായി കീഴടക്കുകയായിരുന്നു.

ചൊവ്വാഴ്ച്ച രാത്രിയാണ് തണ്ണീര്‍പന്തല്‍ കടമേരി റോഡിലെ പാലോറ നസീറിന്റെ വീട്ടില്‍ ഏട്ട് അംഗ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. കടമേരിയിലെ വീട് ആക്രമണകേസിലെ പ്രതിയായ ഷമീം ഒളിവില്‍ കഴിയുന്നതിനിടെ ഇന്‍സ്റ്റഗ്രാമിലാണ് നാദാപുരം എസ്ഐയെ ഭീഷണപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്.

എസ്.ഐ. സാറിന്റെ ജീവിതം മുട്ടിപ്പോവുമെന്നും താന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങാന്‍ പോവുകയാണെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രതി പറഞ്ഞിരുന്നത്. താന്‍ പണി തുടങ്ങാന്‍ പോവുകയാണെന്നും ഭീഷണിപ്പെടുത്തിയിരുന്നു. നാദാപുരത്തെ നാട്ടുകാര്‍ക്കെതിരേയും ഇയാള്‍ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രതിയെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചത്. കഞ്ചാവ് ക്വട്ടേഷന്‍ ഉള്‍പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷമീം. കേസില്‍ ഇനി ആറ് പേര്‍ കൂടി പിടിയിലാകാനുണ്ട്.

എഎസ്‌ഐ മനോജ് രാമത്ത്, സിപിഒ ഷാജി വലിയവളപ്പില്‍, സന്തോഷ് മലയില്‍, ഡ്രൈവര്‍ സിപിഒ പ്രദീപന്‍, എംഎസ് പിയിലെ വി ടി വിജേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് ചെറുത്ത് നിന്ന ക്രിമിനലിനെ കീഴടക്കിയത്.