ഷഹലയുടെ മരണം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അധ്യാപകരായ ഒന്നാം പ്രതി സി.വി ഷജില്‍, മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവരാണ് ഹര്‍ജി നല്‍കിയത്.

ഷഹലയുടെ മരണത്തില്‍ അധ്യാപകര്‍ക്ക് കുറ്റകരമായ വീഴ്ച സംഭവിച്ചെന്നും ചികിത്സ വൈകിപ്പിച്ചതില്‍ ഷജില്‍ എന്ന അധ്യാപകന് പങ്കുണ്ടെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും. ഷഹലയുടെ മരണം പാമ്പുകടിച്ചാണെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കുന്നതില്‍ ബോധപൂര്‍വ്വം വൈകിപ്പിക്കില്‍ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പ്രതികളുടെ വാദം.