സ്വപ്‌നയുടെ ആരോപണം തെറ്റെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ല; സ്വര്‍ണക്കടത്ത് യു.ഡി.എഫിന്റെ അടുക്കളയില്‍ വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പില്‍

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ അടുക്കളയില്‍ വച്ച് വേവിച്ച വിവാദമല്ലിത്. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ഒരു അജണ്ടയുമില്ല. മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ സ്വപ്നയുടെ മൊഴിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. അതൊക്കെ തെറ്റാണെങ്കില്‍ എന്തുകൊണ്ട് നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇക്കാര്യം ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യമൊഴി എങ്ങനെ കലാപാഹ്വാനം ആകും. സര്‍ക്കാരിന് അസാധാരണ വെപ്രാളമാണ്. രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണ്. എന്തിനാണ് സ്വപ്നക്കെതിരെ കേസ് എടുത്തതെന്ന് വ്യക്തമാക്കണം. രഹസ്യ മൊഴി നല്‍കിയതിന് ഗൂഢാലോചനക്ക് കേസ് എടുത്തത് ഇന്ത്യയില്‍ ആദ്യ സംഭവമായിരിക്കും. ആരോപണം വ്യാജമെങ്കില്‍ സെക്ഷന്‍ 499 പ്രകാരം വ്യാജ ആരോപണങ്ങളില്‍ നടപടിയെടുക്കുകയല്ലേ വേണ്ടത് അതില്ലാത്തതെന്തുകൊണ്ടാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

കേസിലൂടെ അവതാരങ്ങളുടെ ചാകര ഉണ്ടായി. സരിത്തിന്റെ ഫ്‌ളാറ്റിലേക്ക് കയറാന്‍ എന്താണ് പൊലീസിനെ പ്രേരിപ്പിച്ചത്. ഷാജ് കിരണിനെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്. അയാള്‍ പറയുമ്പോള്‍ സരിത്തിനെ പൊലീസ് പിടിക്കുന്നു. അയാള്‍ പറയുമ്പോള്‍ പൊലീസ് വിടുന്നു. രഹസ്യ മൊഴിക്ക് പിന്നാലെ സരിത്തിനെ വിജിലന്‍സ് തട്ടികൊണ്ട് പോയി. എന്താണ് ഇവിടെ നടക്കുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.

വിജിലന്‍സ് മേധാവിയെ മാറ്റാന്‍ കാരണമെന്താണെന്ന് ജനങ്ങള്‍ക്ക് അറിയണം. എന്തിനാണ് മുന്‍ മേധാവി എംആര്‍ അജിത്ത് ഷാജ് കിരണിനോട് സംസാരിച്ചത്. ഷാജ് കിരണിന് എങ്ങനെയാണ് പൊലീസില്‍ ഇത്രയേറെ സ്വാധീനമുണ്ടായതെന്നും ഷാഫി ചോദിച്ചു.