എസ്.എഫ്‌.ഐ പ്രവര്‍ത്തകരെ 3. 54-ന് പുറത്താക്കി, ഗാന്ധി ചിത്രം തകര്‍ത്തത് നാലു മണിക്ക് ശേഷം; കേസ് എടുത്തുവെന്ന് മുഖ്യമന്ത്രി

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അതിക്രമിച്ച് കടന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ 3. 54 ന് പുറത്താക്കിയിരുന്നു. ഇതിനു ശേഷം 4.04 ന് എടുത്ത ചിത്രത്തില്‍ ഗാന്ധിജിയുടെ ഫോട്ടോ യഥാസ്ഥാനത്തുണ്ട്. പിന്നീട് 4.24ന് എടുത്ത ഫോട്ടോയില്‍ ഗാന്ധിചിത്രം തകര്‍ത്തതായി കാണാമെന്നും അദ്ദേഹം പറഞ്ഞു.

വി ജോയ് സഭയില്‍ നല്‍കിയ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസില്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്. മാധ്യമങ്ങളില്‍ കാണിച്ച ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. എം പിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ച്ിത്രം തകര്‍ത്ത സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എം പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്ഐ പ്രവര്‍ത്തകരല്ല. പ്രതിഷേധവുമായെത്തിയ എസ്എഫ്ഐക്കാര്‍ പോയതിന് ശേഷമാണ് ചിത്രം തകര്‍ത്തിരിക്കുന്നത്. ഗാന്ധി ചിത്രം ആദ്യം നിലത്ത് വീണ് കമിഴ്ന്ന നിലയിലായിരുന്നു, കസേരയില്‍ വാഴവെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകപ്പിന് കൈമാറി.

Read more

കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചില മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ എടുക്കുമ്പോഴും ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീടാണ് താഴെ കാണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.