രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവം; എസ്.എഫ്‌.ഐ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടു

എസ്എഫ്‌ഐ വയനാട് ജില്ലാകമ്മിറ്റി പരിച്ചുവിട്ടു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലാണ് നടപടി. എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. പകരം ഏഴംഗ അഡ്‌ഹോക് കമ്മറ്റിക്കാണ് ചുമതല.

സംഭവത്തില്‍ ഇതുവരേയും 30 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 19 പേരും പിന്നീട് 6 പേരും 5 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരും ഉണ്ട്.

പ്രതികള്‍ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ്എഫ്ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എം പിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു.

ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.