നേതൃത്വം അറിയാതെ എസ്.എഫ്‌.ഐ അഴിഞ്ഞാട്ടത്തിന് മുതിരില്ല; ബി.ജെ.പിയും സി.പി.എമ്മും രാഹുലിനെ വേട്ടയാടാന്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ എസ്എഫ്‌ഐ അഴിഞ്ഞാട്ടത്തിന് മുതിരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയും സിപിഎമ്മും രാഹുലിനെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഇരുവരും ഒരേ തൂവല്‍ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ എംപി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ആക്രമണത്തെ തുടര്‍ന്ന് ജനവികാരം പൂര്‍ണ്ണമായും എതിരായതോടെ നില്‍ക്കകള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയം ഇപ്പോള്‍ പിണറായിയും അണികളും ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോണ്‍ഗ്രസിനെ ഇതുകൊണ്ടൊന്നും തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയത്തില്‍ കൈകോര്‍ത്ത സിപിഎമ്മിന്റെയും ബിജെപിയുടെയും അന്തര്‍ധാരയുടെ തുടര്‍ക്കഥയാണ് ഇന്നലെ നടന്ന സംഭവം. ഒരു കാര്യവുമില്ലാതെ രാഹുല്‍ ഗാന്ധിയെ അഞ്ചു നാള്‍ 50 മണിക്കൂര്‍ ചോദ്യം ചെയ്തു.സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും അദ്ദേഹത്തെ ഒരു മണിക്കൂര്‍പോലും ചോദ്യം ചെയ്യാത്തതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read more

അതേസമയം കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ നേതൃത്വം തടയില്ല. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്‌ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബിജെപിയെ സന്തോഷിപ്പിക്കുന്ന കാര്യമാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.