'പട്ടി ഷോ' കാണിച്ചല്ല എസ്.എഫ്‌.ഐ വളര്‍ന്നത്, രാഷ്ട്രീയം പഠിപ്പിക്കാന്‍ സി.പി.ഐ വരേണ്ട: രൂക്ഷവിമര്‍ശനവുമായി എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം

എസ്എഫ്‌ഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിപിഐ വരേണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും വയനാട് മുന്‍ ജില്ലാ സെക്രട്ടറിയുമായി ജിഷ്ണു ഷാജി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് എസ്എഫ്‌ഐയുടെ രൂക്ഷ വിമര്‍ശനം.

നാട്ടിലെ ഏതെങ്കിലും കോളേജില്‍ എഐഎസ്എഫിന് രണ്ട് പേരെയെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട് വര്‍ത്തമാനം പറഞ്ഞാല്‍ മതി. എഐഎസ്എഫിനെ പോലെ ‘പട്ടി ഷോ’ കാണിച്ചല്ല എസ്എഫ്‌ഐ വളര്‍ന്നത്. എംപി ഓഫീസ് മാര്‍ച്ച് എസ്എഫ്‌ഐയുടെ ‘പട്ടി ഷോ’ ആയിരുന്നില്ല.

ഒരുളുപ്പുമില്ലാതെയാണ് എസ്എഫ്‌ഐ തീവ്രവാദ സംഘടനയാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞത്. രാഹുലിന്റെ ഓഫീസില്‍ നടന്നത് വൈകാരിക സമരമാണെന്നും രാഹുല്‍ ഗാന്ധിയുടെ മാപ്പ് എസ്എഫ്‌ഐക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ ജിഷ്ണു ഷാജി സെക്രട്ടറിയായിരുന്ന എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.