എംജി യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷം

എം.ജി. യൂണിവേഴ്‌സിറ്റിയിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകർ എഐസ്എഫ് പ്രവർത്തകരെ മർദിക്കുകയായിരുന്നു എന്ന് എഐഎസ്എഫ് ആരോപിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് സംഘർഷത്തിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകർ പറഞ്ഞു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് സംസ്ഥാന വനിതാ നേതാവും രം​ഗത്തെത്തി.

ശരീരത്തിൽ കടന്നുപിടിച്ചെന്നും മർദ്ദിച്ചെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് യുവതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ്എഫ്ഐയുടെ എറണാകുളം ജില്ലാ നേതാക്കളായ അമൽ സി എ, അർഷോ, പ്രജിത്ത് എന്നിവർക്കെതിരെയാണ് പരാതി.

പേരെടുത്ത് ചോദിച്ചാണ് എഐഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായ സഹദിനെ പ്രജിത് കെ ബാബു എന്ന എസ്എഫ്‌ഐ പ്രവർത്തകൻ മർദിച്ചത്. തടയാൻ ശ്രമിച്ചപ്പോൾ എസ്എഫ്‌ഐ പ്രവർത്തകർ ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും വസ്ത്രത്തിൽ പിടിച്ച് വലിക്കുകയും ചെയ്‌തെന്നും വനിതാ നേതാവ് പറഞ്ഞു.