ലൈംഗിക അതിക്രമ കേസുകളില്‍ ജാഗ്രത വേണം; തെളിവില്ലാതെ ആരെയും പ്രതിയാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

ലൈംഗിക അതിക്രമ പരാതികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്
. വ്യക്തമായ തെളിവുകളില്ലാതെ ആരെയും പ്രതികളാക്കരുത്. മറിച്ചായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി.

2018-ലെ ഒരു ലൈംഗിക അതിക്രമ കേസില്‍ വിധി പറഞ്ഞു കൊണ്ടാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. കോട്ടയം പാമ്പാടിയിലാണ് സംഭവം. ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലായിരുന്നു കേസ്.

സ്‌കൂള്‍ ബസില്‍ വെച്ച് 13- കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയില്‍ ബസുടമക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലൈംഗിക അതിക്രമ കേസുകളില്‍ പൊതുവായ നിരീക്ഷണം നടത്തിയത്.

ലൈംഗിക അതിക്രമ കേസുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹൈക്കോടതി. വ്യക്തമായ തെളിവുകളില്ലാതെ ആരെയും പ്രതിയാക്കരുത്. അല്ലെങ്കില്‍ പ്രതി ഇരയാകുന്ന സാഹചര്യമുണ്ടാകും. ഇക്കാര്യത്തില്‍ പൊലീസും പ്രോസിക്യൂഷനും കോടതിയും ശ്രദ്ധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കോട്ടയം പാമ്പാടിയിലെ ഒരു പോക്സോ കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ നിരീക്ഷണം.