സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നത് അഭിഭാഷക, മാധ്യമ ശ്രദ്ധ നേടാന്‍ മുമ്പും മതില്‍ ചാടി

സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തിയ കെ.എസ്‌.യുക്കാരി തൃശൂരിലെ അഭിഭാഷക. തൃശൂര്‍ അരിമ്പൂര്‍ പഞ്ചായത്ത് അംഗം കൂടിയായ അഭിഭാഷക സി ശില്‍പ്പ (26) മാധ്യമ ശ്രദ്ധ നേടാന്‍ മുമ്പും മതില്‍ ചാടിക്കടന്നിട്ടുണ്ട്.

തൃശൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷം തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളജിന്റെ ഗേറ്റ് ചാടിക്കടന്ന് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബ്ലോക്കിലേക്ക് അതിക്രമിച്ച് കടന്നതിന് ശില്‍പ്പയ്‌ക്കൊപ്പം എറണാകുളം ആലുവ സ്വദേശി അനു (27), ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേന്ദ്രന്‍ (27), ഇടുക്കി ദേവികുളം സ്വദേശി അലോഷ്യസ് സേവ്യര്‍ (26), എറണാകുളം കണയന്നുര്‍ സ്വദേശി ആനന്ദ് (20) എന്നിവരെയും പിടികൂടി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു. സെക്രട്ടേറിയറ്റ് പടിക്കല്‍ കെ.എസ്.യു നടത്തുന്ന സത്യഗ്രഹ പന്തലിന് സമീപത്തു നിന്ന് ബുധനാഴ്ച രാവിലെയാണ് സെക്രട്ടേറിയറ്റിലെ മതില്‍ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ  ഇവരെത്തിയത്.