എസ്.ഡി.പി.ഐ നിരോധിക്കണം; തീവ്രവാദ ബന്ധം അന്വേഷിക്കണം, ബിജെപി നേതാവ് അമിത് ഷായ്ക്ക് കത്തയച്ചു

എസ്.ഡി.പി.ഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സമീപകാലത്ത് നടന്ന രണ്ട് ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും കത്തിൽ ആവശ്യപ്പെടുന്നു. സംഘടനയുടെ സാമ്പത്തിക സ്രോതസ്സും, തീവ്രവാദബന്ധവും അന്വേഷിക്കണമെന്നും കത്തിൽ പറയുന്നു.

പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. കൊലക്ക് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നും കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. ഇതിന് പിന്നിലെയാണ് എസ്.ഡി.പി.ഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്ര സർക്കാറിന് കത്ത് നൽകിയത്.

പാലക്കാട്ടെ സഞ്ജിത്തിൻ്റെ കൊലപാതക കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് അഖിലേന്ത്യാ ജോയിൻ്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയും രം​ഗത്തെത്തി. കൊല്ലപ്പെട്ട സഞ്ജിത്തിൻ്റെ വീട്ടിലെത്തിയ മൻമോഹൻ വൈദ്യ എസ്.ഡി.പി.ഐ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. പ്രതികളുടെ രേഖാ ചിത്രം പുറത്ത് വിടുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽ എസ്ഡിപിഐ നേതാക്കളെ ചോദ്യം ചെയ്തു വരിയാണ്. സഞ്ജിത്ത് കൊല്ലപ്പെട്ട മമ്പറം റോഡിൻ്റെ പരിസരങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം മണ്ണാർകാട് നിന്ന് ലഭിച്ച ആയുധങ്ങളും ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.