ക്ലാസ് സമയത്ത് സ്‌കൂള്‍ കുട്ടികളെ മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകാന്‍ അനുമതിയില്ല: വി. ശിവന്‍കുട്ടി

ക്ലാസ് സമയത്ത് സ്‌കൂള്‍ കുട്ടികളെ മറ്റു പരിപാടികള്‍ക്ക് കൊണ്ടുപോകുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുത്ത് കൊണ്ടുപോകാന്‍ അനുമതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികളും പൊതു ചടങ്ങുകളും നിരന്തരം സംഘടിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്‌കൂളുകളില്‍ കുട്ടികളുടെ സാധാരണ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികള്‍ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നു. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്‌കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ 200 ദിവസവും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 220 ദിവസവും അധ്യയനം നടക്കേണ്ടതാണ്. ഹൈസ്‌കൂളുകളിലും 220 ദിവസം അധ്യയനം നടക്കേണ്ടതുണ്ട്. അധ്യാപകരും, പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.

പഠനത്തോടൊപ്പം തന്നെ കാലാ-കായിക പ്രവര്‍ത്തി പരിചയ പരിപാടികളിലും പഠനാനുബന്ധ പ്രവര്‍ത്തനമെന്ന നിലയില്‍ കുട്ടികള്‍ പങ്കെടുക്കണം. വായനയും അനുബന്ധ പ്രവര്‍ത്തനങ്ങളും കൂടുതലായി സംഘടിപ്പിച്ച് കുട്ടികളെ പഠനത്തിന്റെ മാര്‍ഗ്ഗത്തില്‍ നിരന്തരം നിലനിര്‍ത്തുന്നതിന് അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണെന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു.