വെടിവെച്ചല്ല, കഴുത്ത് വെട്ടിക്കൊല്ലണം; സ്വന്തം മക്കള്‍ക്ക് സംഭവിച്ചാലെ ആ വേദന മനസ്സിലാകൂ എന്ന് സൗമ്യയുടെ അമ്മ

ഹൈദരാബാദിലെ യുവ ഡോക്ടരെ ബലാത്സംഗം ചെയ്ത പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ രംഗത്ത്. പീഡനക്കേസ് പ്രതികള്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നും ഗോവിന്ദചാമിക്ക് അത്തരമൊരു ശിക്ഷ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അവര്‍ പറഞ്ഞു.

പ്രതികളെ കൊല്ലരുത് എന്നു പറയുന്നവരുടെ മക്കള്‍ക്ക് എന്റെ കുട്ടിയ്ക്ക് സംഭവിച്ചതു പോലെ ഉണ്ടാവണം. എന്നാലെ അവര്‍ക്ക് ആ വേദന മനസിലാകൂ. സൗമ്യയുടെ അമ്മ പറഞ്ഞത് സത്യമായിരുന്നെന്ന് അന്നേ അവര്‍ക്ക് തോന്നൂ. ആര്‍ക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കട്ടെ. കാരണം ഞാന്‍ അനുഭവിച്ച വേദന ഇനി ഒരാള്‍ അനുഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബലാത്സംഗികളെ കൊല്ലുക തന്നെ ചെയ്യണമെന്നും അവര്‍ പറഞ്ഞു. കുട്ടികളെ പോലും വെറുതെ വിടുന്നില്ല. ഇവരെയൊക്കെ കൊന്ന് കുഴിച്ചു മൂടണം. വെടിവെച്ചല്ല, കഴുത്ത് വെട്ടിക്കൊല്ലണം. ജീവിക്കാന്‍ ഒരു അര്‍ഹതയും ഇല്ല. എന്റെ മകള്‍ അത്രയും വേദന അനുഭവിച്ചിട്ട് ഇന്നവര്‍ സുഖമായി അതിന്റെയുള്ളില്‍ ജീവിക്കുകയാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.