ശശീന്ദ്രന് ഇന്ന് നിര്‍ണായക ദിവസം; ഫോണ്‍വിളി കേസിലെ പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന എന്‍സിപി നേതാവ് എകെ ശശീന്ദ്രന്‍ ഉള്‍്‌പ്പെട്ട ഫോണ്‍വിളികേസിലെ പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും കോടതിയുടെ സമയം ഇതിനായി പാഴാക്കേണ്ടതില്ലെന്നുമാണ് കേസ് റദ്ദാക്കണമെന്നുമാണ് പരാതിക്കാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.

കായല്‍ കയ്യേറ്റത്തില്‍ കുടുങ്ങി മറ്റൊരു എന്‍സിപി നേതാവ് തോമസ് ചാണ്ടിയ്ക്കു മന്ത്രി സ്ഥാനം നഷ്ടമായതോടെ ഫോണ്‍വിളികേസില്‍ ഇതിന് മുമ്പ് മന്ത്രി സ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്കെത്തുമെന്ന ചര്‍ച്ച സജീവമായത്. കേസുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ശശീന്ദ്രനെ കുറ്റമുക്തനാക്കി പി.എസ്. ആന്റണി കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും മന്ത്രിസഭയിലേക്കുള്ള ശശീന്ദ്രന്റെ തിരിച്ചുവരവ് ചര്‍ച്ചയാകും.

Read more

ശശീന്ദ്രന് മന്ത്രിയാകാന്‍ തടസമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനറും എന്‍സിപിയും ഒരേ നിലപാടിലെത്തിയതോടെ ഹൈക്കോടതിയിലെത്തിയ ഹര്‍ജിയിലാണ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ. ഹൈക്കോടതിയിലെ കേസിലും അനുകൂല തീരുമാനമുണ്ടായാല്‍ അടുത്ത ഇടതുമുന്നണി യോഗം ശശീന്ദ്രന് മന്ത്രിസഭയിലേക്ക് അനുമതി നല്‍കും. ഹൈക്കോടതി ക്ലീന്‍ചിറ്റ് നല്‍കിയാല്‍ ശശീന്ദ്രനു മുന്നില്‍ മറ്റ് തടസ്സങ്ങളില്ല. ഇതിനായാണ് എല്‍ഡിഎഫ് കാത്തിരിക്കുന്നത്. ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് എന്‍സിപിയും എല്‍ഡിഎഫുമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.