സോളാർ തട്ടിപ്പ് കേസിൽ സരിത എസ്. നായർ റിമാൻഡിൽ

സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം 27 വരെയാണ് സരിതയെ റിമാൻഡ് ചെയ്തിരിക്കുന്നത്. 27ന് കേസ് വീണ്ടും പരിഗണിക്കും.

ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തിയായിരുന്നു അറസ്റ്റ്. കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് അറസ്റ്റിന് നിർദ്ദേശം നൽകിയിരുന്നു. സോളാർ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല.

സോളാര്‍ പാനല്‍ വെച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കസബ പൊലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത എസ് നായര്‍ ഹാജരായിരുന്നില്ല.