സനു മോഹനെ മൂകാംബികയിലും കണ്ടെത്താനായില്ല, അന്വേഷണം ഗോവയിലേക്ക്

മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച വൈഗയുടെ അച്ഛൻ സനുമോഹനെ കണ്ടെത്താനായില്ല. അതേസമയം ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലിൽ സനു മോഹൻ ഏപ്രിൽ 10 മുതൽ 16 വരെ താമസിച്ചിരുന്നതായി ജീവനക്കാർ പൊലീസിനെ അറിയിച്ചിരുന്നു. ഹോട്ടലിൽ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വെെകിട്ട് ഹോട്ടൽ ജീവനക്കാർ ബാക്കി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. മൂകാംബികയില്‍ നിന്ന് സനുമോഹന്‍ ഗോവയിലേക്കാണോ പോയതെന്നും സംശയമുണ്ട്. ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞ സനുമോഹന് മൂകാംബികയില്‍ സുഹൃത്തുക്കളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

ആധാർ കാർഡിലെ വിലാസം പരിശോധിച്ച ഹോട്ടൽ മാനേജർ സനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിനെക്കുറിച്ച് അറിയുന്നത്. തുടർന്ന് മാനേജർ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പരിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കർണാടക പൊലീസിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ നടക്കുന്നത്.