'സഖാവേ, ഈ മുറിച്ച മുടി സഖാവിനുള്ളതാണ്, രണ്ടാമത്തെ കഷണം മണി സഖാവിനുള്ളതാണ്', ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിച്ചതില്‍ മുഖ്യമന്ത്രിക്ക് മുടി മുറിച്ചു നല്‍കി മീന മേനോന്‍

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിച്ചതില്‍ ശക്തമായി പ്രതികരിച്ച് സ്ഥലം ഉടമ മീന മേനോന്‍. സ്വന്തം മുടി മുറിച്ചാണ് മീന പ്രതിഷേധം അറിയിച്ചത്. വലിയ പൊലീസ് സന്നാഹങ്ങളോടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മരത്തിന്റെ ശിഖരം മുറിച്ചത്. ജനാധിപത്യം നോക്കി നില്‍ക്കുമ്പോ എനിക്ക് പ്രതിഷേധിക്കാന്‍ മാത്രമേ കഴിയൂ എന്ന് പറഞ്ഞു കൊണ്ടാണ് അവര്‍ മുടി മുറിച്ചത്.

“ഓരോ സാധാരണക്കാരന്റെയും പരാജയമാണ്. ഈ നോക്കി ഇളിച്ചു നില്‍ക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിങ്ങളുടെ അടുത്ത തലമുറയോടാണ് മറുപടി പറയേണ്ടി വരിക. എന്റെ മക്കള്‍ക്ക് മുന്നില്‍ എനിക്ക് തലകുനിക്കേണ്ടി വരില്ല. എന്റെ പരമാവധി ചെയ്തു എന്ന് പറയാനുളള ആര്‍ജവം എങ്കിലും എനിക്കുണ്ടാകും. അന്യായമാണ് നടന്നിരിക്കുന്നത്. നിയമപരമായി ഒരു സാധാരണക്കാരന്‍ നിയമവിരുദ്ധമല്ലാത്ത രീതിയിലാണ് ഞാന്‍ മുന്നോട്ട് പോയിരിക്കുന്നത്. ഇനി ആകെപ്പാടെ ചെയ്യാനുള്ളത് പ്രതിഷേധം മാത്രമാണ്. എന്റെ മുടി മുറിക്കാന്‍ കെഎസ്ഇബിയുടേയും പൊലീസിന്റെയും അനുവാദം ആവശ്യമില്ല. മുടി മുറിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു. ആദ്യത്തെ കഷണം മുഖ്യമന്ത്രിക്ക് തന്നെയിരിക്കട്ടെ. പണ്ട് ഒരുപാട് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാര്‍ട്ടിയാണ് നിങ്ങളുടേത്. നിങ്ങള് വെക്കുന്ന പച്ചത്തുരുത്തിനുള്ള മറുപടിയാണ് ഈ മുടി. മണി സഖാവിനാണ് രണ്ടാമത്തെ കഷ്ണം. ഒന്ന് വന്ന് കണ്ടു നോക്കൂ എന്ന് എത്ര തവണ പറഞ്ഞതാണ്. മൂന്നാമത്തെ കഷ്ണം കെഎസ്ഇബിക്കാരനും ഓരോ സാധാരണക്കാരനും ഉള്ളതാണ്. “

മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ രാവിലെ ശാന്തിവനം സംരക്ഷണ സമിതി തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി താത്കാലികമായി പിന്മാറി. ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വൈദ്യുത ടവറിനു സമീപമുള്ള 8 മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തിയത് .

13.5 മീറ്ററില്‍ അധികം ഉയരത്തില്‍ ഉള്ള മരച്ചില്ലകള്‍ മുറിക്കും എന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. ശിഖരം മുറിക്കാന്‍ എന്ന പേരില്‍ മരങ്ങള്‍ മുറിക്കാന്‍ തന്നെയാണ് കെ.എസ്.ഇ.ബിയുടെ ശ്രമമെന്നു സ്ഥലത്തിന്റെ ഉടമ മീന മേനോന്‍ ആരോപിച്ചു. പ്രതിഷേധത്തിന് സമ്മര്‍ദ്ദം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ ആണ് പോലീസ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കേസ് തീര്‍പ്പാകും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. പ്രതിഷേധം തുടരുന്നതിനിടെയാണ് പറവൂര്‍ ശാന്തിവനത്തിലെ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കെ.എസ്.ഇ.ബി വൈദ്യുതി ലൈന്‍ വലിച്ചത്.