മാധ്യമ വിലക്ക്: മീഡിയ വണ്‍ ചാനലിനു മുമ്പില്‍ പൂത്തിരി കത്തിച്ച് സംഘപരിവാറിന്റെ ആഹ്ലാദ പ്രകടനം

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന് വിലക്ക് നേരിട്ട മീഡിയ വണ്‍ ചാനലിനു മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഘോഷം. തിരുവനന്തപുരം ബ്യൂറോയ്ക്ക് മുന്നിലായിരുന്നു ആഹ്ലാദപ്രകടനം. ചില പയ്യന്മാര്‍ സ്ഥാപനത്തിനു മുന്നില്‍ മേശപ്പൂ കത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അതെസമയം മാധ്യമങ്ങളെ നിരോധിച്ച നടപടിക്കെതിരെ വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഈ നിരോധനത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പത്ര-ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയുടെ സംസ്ഥാന കമ്മിറ്റി പറഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നതു മാത്രം റിപ്പോര്‍ട്ടു ചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും നടപടി പിന്‍വലിക്കണമെന്നും അവരാവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ജനാധിപത്യസ്‌നേഹികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബിജെപി സര്‍ക്കാരിന്റെ പ്രതികാരനടപടിയാണിത്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം തടയുന്നത് ഫാസിസ്റ്റ് രീതിയാണ്.

മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തവര്‍ പുറത്തിറങ്ങി നടക്കുകയും കലാപത്തിന്റെ കണ്ണീര്‍ചിത്രങ്ങള്‍ പുറംലോകത്തെ അറിയിച്ച മാധ്യമങ്ങളെ ചങ്ങലക്കിടുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമനിരോധനത്തെ അപലപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണിതെന്നു കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി കലാപം സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. അക്രമം നടത്തിയ വര്‍ഗീയ ശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പൊലീസിനെതിരെയോ ചെറുവിരലനക്കാത്തവര്‍ ആണ് മാധ്യമങ്ങള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.azhimukham.com/content/servlet/RDESController?command=rdm.ServletVideoPlayer&app=rdes&partner=azhi&type=7&sessionId=RDWEBCTBTMVF9N7XURWMCHBUCQKLEGMBJ6IA9&uid=video_4Hj82PigzSajuRPVvsbBRScNfxyySCNEV2850456