'മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരളയാക്കാം'; വ്യത്യസ്തമായ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി

ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കൈയിലിരിക്കുമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരിക്കുന്നത്.

പ്രവാസികള്‍ ഉള്‍പ്പെടെ ലോകത്തെ സകലമാന മലയാളികളും ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ, എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കൈയിലിരിക്കുമെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. നേരത്തെ എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങുന്ന കാര്യം കേരള സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സന്ദീപാനന്ദ ഗിരിയുടെ നിര്‍ദേശം.

സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്;

കേരളത്തെ സ്നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും.
ഹോ ആലോചിക്കുമ്പോള്‍………..
ഡല്‍ഹി,മുംബൈ,ഗുജറാത്ത് എയര്‍പോര്‍ട്ടില്‍ എയര്‍ കേരള ലാന്റ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ.
മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്
വെല്‍ക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടന്‍ ഹലുവയും!
ലഞ്ച് പാരഗണ്‍ ബിരിയാണി& ബീ.ടി.എച്ച് സദ്യ
ഡിന്നര്‍ കോട്ടയം കപ്പ&
ഇന്ത്യന്‍ കോഫി ഹൌസ് മാതൃകയില്‍ #വിജയിപ്പിക്കാം
മതി മതി ആലോചിക്കാന്‍ വയ്യ…..

Read more