സാലറി കട്ടും ലീവ് സറണ്ടറും; അടുത്ത സർക്കാരിനെ കാത്തിരിക്കുന്നത് 8000 കോടി രൂപയുടെ ബാദ്ധ്യത

Advertisement

കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജനുവരിയോടെ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. നിലവിൽ 1400 കോടിയുടെ ഓവർഡ്രാഫ്റ്റിലാണ് ട്രഷറി. ദൈനംദിന ചെലവുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വ വായ്പാപരിധിയും കഴിഞ്ഞുള്ള തുകയാണിത്. 14 ദിവസത്തിനകം ഓവർ ഡ്രാഫ്റ്റ് തുക തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി സ്തംഭനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.

പ്രതിസന്ധി മൂലം സാലറി കട്ട് തുകയും ലീവ് സറണ്ടർ തുകയും തിരിച്ചു നൽകുന്നതു നീട്ടിവെയ്ക്കുന്നതു വഴി 8000 കോടിയോളം രൂപയുടെ ബാദ്ധ്യതയാണ് അടുത്ത തവണ ഭരണത്തിലെത്തുന്ന സർക്കാരിനെ കാത്തിരിക്കുന്നത്. സാലറി കട്ട് വഴി 5000 കോടി രൂപയാണ് സർക്കാരിനു തത്കാലം മാറ്റിവെയ്ക്കാനാകുന്നത്. ഏപ്രിലിൽ ഇതു പിഎഫിൽ ലയിപ്പിക്കും. അതിനു മുമ്പു ലയിപ്പിച്ചാൽ സംസ്ഥാനത്തിന്റെ കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്രം പിഎഫിൽ ലയിപ്പിച്ച തുക കുറവു ചെയ്യാനിടയുണ്ട്. ലയിപ്പിക്കുന്ന തുക അടുത്ത സർക്കാരിന്റെ കാലത്തു മാത്രമേ പിൻവലിക്കാൻ കഴിയൂ.

അധ്യാപകർ ഒഴികെയുള്ള സർക്കാർ ജീവനക്കാർ വർഷം 1500 കോടിയോളം രൂപ അവധി സറണ്ടർ ചെയ്തു വാങ്ങാറുണ്ട്. അവധി സറണ്ടറിന്റെ വിലക്കു നീക്കിയെങ്കിലും ജൂണിലേ പിൻവലിക്കാൻ കഴിയൂ. അടുത്ത സാമ്പത്തിക വർഷം ഏപ്രിലിൽ പിൻവലിക്കാൻ കഴിയുന്ന അവധി സറണ്ടറും ജൂണിലേക്കു നീട്ടിയതോടെ അതും അടുത്ത സർക്കാർ തന്നെ കൊടുക്കേണ്ടി വരും. ഫലത്തിൽ 8000 കോടിയുടെ ബാദ്ധ്യതയിൽ നിന്നാണ് ഈ സർക്കാർ തന്ത്രപൂർവം രക്ഷപ്പെട്ടത്. 3 ഗഡു ക്ഷാമബത്ത കുടിശികയും അടുത്ത സർക്കാർ തന്നെയാകും മിക്കവാറും നൽകേണ്ടി വരുക. ഇത് 500 കോടിയോളം രൂപ വരും.