സാലറി കട്ടിൽ നിന്ന് പിന്നോട്ടില്ല; മൂന്ന് നിർദേശങ്ങൾ മുന്നോട്ടു വെച്ച് സർക്കാർ, തീരുമാനം ഇന്ന് വൈകിട്ടോടെ അറിയിക്കാൻ നിർദ്ദേശം

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ.  ചൊവ്വാഴ്ച ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മൂന്ന് ഉപാധികൾ മന്ത്രി തോമസ് ഐസക് മുന്നോട്ടു വെച്ചു. ജീവനക്കാരുമായി ചർച്ച ചെയ്ത് ബുധനാഴ്ച വൈകുന്നേരത്തോടെ തീരുമാനം രേഖാമൂലം അറിയിക്കാൻ സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടു.

സർക്കാർ പിടിച്ച ഒരു മാസത്തെ ശമ്പളം ഉടൻ തിരിച്ച് നൽകിയാൽ ഇളവുകളോടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ നിലപാടെടുത്തു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറി കട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. മാസം 6 ദിവസത്തെ ശമ്പളം ആറ് മാസം കൂടി പിടിക്കാനുള്ള കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലെ തീരുമാനം ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെ എതിർത്തതിനെ തുടർന്നാണ് ധനമന്ത്രി യോഗം വിളിച്ചത്.

ധനമന്ത്രി വെച്ച നിർദ്ദേശങ്ങള്‍ ഇവയാണ്.

1. നിലവിൽ 5 മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിച്ച് കഴിഞ്ഞു. ഈ ശമ്പളം ധനകാര്യസ്ഥാനപത്തിൽ നിന്ന് വായ്പയെടുത്ത് സർക്കാർ ഉടൻ നൽകുമെന്നാണ് ആദ്യനിർദ്ദേശം. പക്ഷെ ഒരു തവണ കൂടി സാലറി കട്ടിന് സഹകരിക്കണം.

2. രണ്ടാമത്തെ നിർദ്ദേശത്തിൽ അടുത്ത മാസം മുതൽ 6 ദിവസത്തെ ശമ്പളം പിടിക്കും. ഓണം അഡ്വാൻസ് എടുത്തവർക്ക് ഉൾപ്പടെ സംഘടനകൾ ആവശ്യപ്പെട്ട ഇളവുകൾ നൽകാം.

3. എല്ലാ ജിവനക്കാരിൽ നിന്നും മൂന്ന് ദിവസത്തെ ശമ്പളം പത്ത് മാസം പിടിക്കും. കുറഞ്ഞ വേതനമുള്ളവ‌രെ സാലറി കട്ടിൽ നിന്ന് ഒഴിവാക്കണമെന്ന സംഘടനകളുടെ നിർദ്ദേശം പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ശമ്പളം പിടിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് യുഡിഎഫ് സംഘടനകൾ സ്വീകരിച്ചത്.

Read more

സംഘടനകളുടെ നിർദ്ദേശങ്ങൾ കിട്ടിയ ശേഷം ഉടൻ ഓർഡിനൻസ് ഇറങ്ങും.