ആര്‍.എസ്.എസ് വേദിയിലെത്തിയ കെ.എന്‍.എ ഖാദറിനെ തള്ളി സാദിഖലി ശിഹാബ് തങ്ങള്‍

ആര്‍ എസ് എസ് വേദിയിലെത്തിയ  മുസ്‌ളീം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെ തള്ളിക്കൊണ്ട് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

”അച്ചടക്ക ബോധമുള്ള പാര്‍ട്ടിക്കാരാകുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ അപ്പോഴേക്കും പോകേണ്ട. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നാം നോക്കണം. നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോ എന്ന് ചിന്തിക്കണം. അതിന് സാമുദായികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. രാജ്യസ്‌നേഹപരമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. സാമൂഹികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്ലീംലീഗുകാരെ സംബന്ധിച്ചില്ല.” കെ എന്‍ എ ഖാദറിനെ വിമര്‍ശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

കെഎന്‍എ ഖാദര്‍ ചെയ്തത് നീതീകരിക്കാനാകില്ലെന്ന് ലീഗ് നേതാവ് എംകെ മുനീര്‍ രാവിലെ പറഞ്ഞിരുന്നു. കെ എന്‍ എ ഖാദര്‍ ചെയ്തത് മുസ്ലീം ലീഗ് നയത്തിന് എതിരാണ്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും എം കെ മുനീര്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയും ഖാദറിനെതിരെ ഇന്ന് രംഗത്ത് വന്നിരുന്നു.

Read more

സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ കെ എന്‍ എ ഖാദെറിനെതിരെ ഉണ്ടായ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കെ എന്‍ എ ഖാദര്‍ രംഗത്തെത്തിയിരുന്നു. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും ഒരു സാംസ്‌കാരിക പരിപാടിയാണെന്നുമായിരുന്നു പ്രതികരണം. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു.