യു.ഡി.എഫ് പ്രതിനിധി സംഘം നാളെ ശബരിമലയിലെത്തും

തീര്‍ത്ഥാടകര്‍ക്കുളള അടിസ്ഥാനസൗകര്യങ്ങള്‍ വിലയിരുത്താന്‍ യു.ഡി.എഫ് പ്രതിനിധി സംഘം നാളെ ശബരിമലയിലെത്തും. മുന്‍ ദേവസ്വം മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ് ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് സന്ദര്‍ശനത്തിന് എത്തുന്നത്.
നിലയ്ക്കലും പമ്പയും സന്ദര്‍ശിച്ച ശേഷം സംഘം സന്നിധാനത്തും എത്തും. എന്നാല്‍ പുന:പരിശോധനാ ഹര്‍ജിയിലെ വിധി വന്നശേഷം
സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി കിട്ടാന്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.

കഴിഞ്ഞ വെളളിയാഴ്ചയിലെ യു.ഡി.എഫ് തീരുമാനപ്രകാരമാണ് പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കുന്നത്. യുവതീപ്രവേശന വിധി ഉണ്ടായപ്പോള്‍ വിശ്വാസിപക്ഷത്ത് നിന്നാണ് യു.ഡി.എഫ് പ്രശ്‌നത്തെ സമീപിച്ചത്. സംഘപരിവാര്‍ സംഘടനകളുടെ തീവ്രസമരത്തിന്റെ പാത സ്വീകരിച്ചില്ലെങ്കിലും നിലപാടിന് പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യത കിട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയം ഇതിന്റെ തെളിവായിരുന്നു. എന്നാല്‍ കേവലം രാഷ്ട്രീയമുതലെടുപ്പ് മാത്രമായിരുന്നില്ല അന്നത്തെ ഇടപെടല്‍ എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ സന്ദര്‍ശനം. വിശ്വാസികളുടെ പ്രശ്‌നത്തില്‍ മുന്നണിയ്ക്ക് ഇപ്പോഴും അതേ താത്പര്യം ഉണ്ടെന്ന് വ്യക്തമാക്കുകയും സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ പെടുന്നു. ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുമായുളള ഭിന്നത മൂലം മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനുളള മുന്നൊരുക്കങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്ന് പരാതിയുണ്ട്,ഇതിന്റെ നിജസ്ഥിതി അറിയുകയും സന്ദര്‍ശന ലക്ഷ്യമാണ്.

യുവതീപ്രവേശന വിധിയ്‌ക്കെതിരായ പുനഃപരിശോധനാ ഹര്‍ജിയിലെ വിധി വന്ന ശേഷം ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ല.വെളളിയാഴ്ച യു.ഡി.എഫ് യോഗത്തിന്റെ തിരക്കിലായിരുന്ന യു.ഡി.എഫ് നേതാക്കള്‍ സഭാസമ്മേളനത്തില്‍ മുഴുവന്‍ സമയവും ഹാജരായില്ല. എന്നാല്‍ ഇന്ന് ആദ്യന്തം സഭാനടപടികളില്‍ പങ്കെടുത്തിട്ടും ആരും പുനഃപരിശോധനാ ഹര്‍ജിയിലെ സര്‍ക്കാര്‍ നിലപാടിനെപ്പറ്റി ചോദ്യമൊന്നും ഉന്നയിച്ചില്ല. ഇത് തന്ത്രപരമായ സമീപനമാണെന്നാണ് യു.ഡി.എഫ്‌ നേതാക്കളുടെ പ്രതികരണം. സഭയില്‍ വിഷയം ഉയര്‍ത്തിയാല്‍ സര്‍ക്കാര്‍ നിലപാട് കുറച്ചു കൂടി സ്പഷ്ടമാകും. ആദ്യം യുവതീപ്രവേശനത്തിന് ഒപ്പം നിന്ന സര്‍ക്കാരിന് അത് ഗുണകരമായി ഭവിക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.