ശബരിമലയിലെ സ്‌ട്രോങ് റൂം നാളെ തുറക്കും, വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവുണ്ടോയെന്ന് പരിശോധിക്കും, ദേവസ്വം മന്ത്രി വിശദീകരണം തേടി

ശബരിമലയിലെ സ്‌ട്രോങ് റൂം നാളെ തുറക്കും. വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ കുറവ് കണ്ടെത്തിയ സാഹചര്യത്തിലാണ് സ്‌ട്രോങ് റൂം തുറക്കുന്നത്. സ്വര്‍ണവും വെള്ളിയും റൂമില്‍ നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. അതേസമയം ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് വിശദീകരണം തേടി

വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയും വലിയ തോതില്‍ കുറവുണ്ടെന്ന് ദേവസ്വം വിജിലന്‍സിന് അടക്കം പരാതി കിട്ടിയ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. ഇക്കാര്യത്തില്‍ രേഖകളില്ലെന്നും കൃത്യതയില്ലെന്നും വിജിലന്‍സ് കണ്ടെത്തി കഴിഞ്ഞു. ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പുതിയ ആള്‍ വരുമ്പോള്‍ കൃത്യമായി ചുമതല കൈമാറുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പരാതിയുണ്ട്. പുതിയ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ രേഖകള്‍ കൈമാറ്റം ചെയ്യുന്ന നടപടിക്രമങ്ങളും കഴിഞ്ഞ ആറു വര്‍ഷമായി നടക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Read more

ശബരിമലയില്‍ ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്നത് ആറന്‍മുള ക്ഷേത്രത്തോട് ചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ് റൂമിലാണ്. അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഈ റൂമിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മൂന്ന് ഉദ്യോഗസ്ഥര്‍ ഒരുമിച്ചെത്തിയാല്‍ മാത്രമേ ഇത് തുറക്കാന്‍ കഴിയുകയുള്ളൂ.