ശബരിമല മണ്ഡലപൂജയ്ക്ക് നട തുറക്കാന്‍ രണ്ടു ദിവസം മാത്രം; കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസ്, തീര്‍ത്ഥാടനകാലത്ത് 10017 ഉദ്യോഗസ്ഥരെ നിയോഗിക്കും

ശബരിമല മണ്ഡല പൂജയ്ക്ക് നട തുറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസ് തയ്യാറെടുക്കുന്നു. ശബരിമല യുവതീപ്രവേശന വിധിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുമെന്ന് പറഞ്ഞ സുപ്രീം കോടതി നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ലെന്ന് വ്യക്തമാക്കിയതോടെ പൊലീസും രാഷ്ട്രീയ നേതൃത്വവും പ്രതിസന്ധിയിലായി.

പൊലീസിന്റെ സഹായത്തോടെ ശബരിമലയില്‍ യുവതികളെ എത്തിച്ചാല്‍ എതിര്‍ക്കുമെന്നു വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും വ്യക്തമാക്കി കഴിഞ്ഞു. സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല.

സുപ്രീം കോടതി വിധി ഒരു സംശയവും ഇല്ലാതെ കണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നെന്നും ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നുമാണ് ദേവസ്വം മന്ത്രി പ്രതികരിച്ചത്. നിലവിലെ യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളെത്തിയാല്‍ ശബരിമല കയറ്റുമോ എന്ന ചോദ്യത്തിന് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ മറുപടി

കഴിഞ്ഞ മണ്ഡല കാലത്തെ പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും സൃഷ്ടിച്ച അലയൊലികള്‍ അടങ്ങും മുമ്പേയുള്ള കോടതി വിധി പൊലീസിനെയും കുഴയ്ക്കുന്നു. പൊലീസിന്റെ വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 36 സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ ദര്‍ശനത്തിനായെത്തി പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങേണ്ടി വന്ന തൃപ്തി ദേശായി അടക്കമുള്ളവര്‍ ശബരിമലയിലെത്തുമെന്നാണ് വിവരം.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചില സംഘടനകളിലെ സ്ത്രീകള്‍ ഇത്തവണയും ദര്‍ശനത്തിനെത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. വനിതാ പൊലീസിനെ ശബരിമലയില്‍ വിന്യസിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. മണ്ഡലപൂജയ്ക്കായി 16ാം തിയതിയാണ് നട തുറക്കുന്നത്. ജനുവരി 15-നു മകരവിളക്ക് കഴിഞ്ഞ ശേഷം 20-നു നട അടയ്ക്കും.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10017 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ 15259 പേരെയാണ് വിന്യസിച്ചത്. അഞ്ചു ഘട്ടങ്ങളിലായാണ് ഇത്തവണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വ്വഹിക്കുക. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 2539 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ 3077 പേരും ഡ്യൂട്ടിയിലുണ്ടാകും. സാഹചര്യങ്ങള്‍ക്കനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും.