ശബരിമലയിലെ എഞ്ചിനീയേഴ്‌സ് പില്‍ഗ്രിം ഷെല്‍ട്ടര്‍ ദേവസ്വം ഭൂമി കൈയ്യേറിയത്; സര്‍ക്കാറിന് കൈമാറണമെന്ന് ഹൈക്കോടതി

ശബരിമല സന്നിധാനത്ത് ദേവസ്വം ഭൂമി കൈയ്യേറിയ എഞ്ചിനീയേഴ്‌സ് പില്‍ഗ്രിം ഷെല്‍ട്ടറിന്റെ താക്കോല്‍ ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന് ഹൈക്കോടത്. ഷെല്‍ട്ടര്‍ സ്ഥിതി ചെയ്യുന്ന ഭൂമി 1969ല്‍ സര്‍ക്കാര്‍ നല്‍കിയതാണെന്നു കാട്ടി എഞ്ചിനീയേഴ്‌സ് പില്‍ഗ്രിം ഷെല്‍ട്ടര്‍ കമ്മിറ്റി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ വാദം ശരിവെച്ചുകൊണ്ടാണ് കോടതി വിധി.

ഷെല്‍ട്ടര്‍ ഏറ്റെടുത്ത 2015ലെ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് എഞ്ചിനീയേഴ്‌സ് പില്‍ഗ്രിം ഷെല്‍ട്ടര്‍ കമ്മിറ്റിയും പാലക്കാട് സ്വദേശി എ കെ അരവിന്ദാക്ഷനും നല്‍കിയ ഹര്‍ജികള്‍ തള്ളിയാണ് നടപടി. 1967ല്‍ ജിഒ നമ്പര്‍ 733 പ്രകാരം സര്‍ക്കാര്‍ സ്ഥലം നല്‍കിയെന്നും എഞ്ചിനീയര്‍മാരില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ച് എല്ലാ അനുമതിയോടെയുമാണ് കെട്ടിടം നിര്‍മിച്ചതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഹര്‍ജിക്കാര്‍ നല്‍കിയ രേഖകളെല്ലാം വ്യാജമാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ.പ്ലീഡര്‍ കെ വി മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി. ജിഒ നമ്പറുകള്‍ ഒരിക്കലും 733ല്‍ എത്താറില്ല. ഇവര്‍ പറയുന്ന രേഖകള്‍ സര്‍ക്കാരിലോ ദേവസ്വം ബോര്‍ഡിലോ ആര്‍ക്കൈവ്‌സിലോ ലഭ്യമല്ല. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കെട്ടിടം ചിലര്‍ നിയമവിരുദ്ധമായി കൈയ്യടക്കിവെച്ചിരിക്കുകയാണ്.