ശബരിമല ഹര്‍ത്താല്‍; പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മസമിതി

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കൂട്ടത്തോടെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മസമിതി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പോലും നിലപാട് മാറ്റിയ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും കര്‍മസമിതിയുടെ സംസ്ഥാനതല നേതാക്കള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിലവ് ശബരിമല കര്‍മസമിതിയുടെ നേതാക്കളില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനുവരി മൂന്നിന് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലും അതിന് തൊട്ടുമുന്‍പേയുള്ള ദിവസവും ഉണ്ടായ അക്രമങ്ങളിലെ നാശനഷ്ടങ്ങളുടെ ചിലവ് കര്‍മസമിതി നേതാക്കളില്‍ നിന്നും ഈടാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ശബരിമല ഹര്‍ത്താലില്‍ സംസ്ഥാനത്ത് 990 കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഹര്‍ത്താലില്‍ വിവിധ കേസുകളിലായി 32,270 പേരെ പ്രതികളാക്കി. വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അക്രമങ്ങളില്‍ 150 പൊലീസുകാര്‍ക്ക് പരിക്കേറ്റു. 141 സാധാരണക്കാര്‍ക്കും 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റി. പ്രാഥമികമായി 38.52 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിച്ചു. 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കള്‍ക്ക് നാശമുണ്ടായി. മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്ക് മാത്രമുണ്ടായെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.