കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപണം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. ജിംനേഷിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നും ഇതേ തുടര്‍ന്നാണ് മരിച്ചതെന്നുമാണ് ആര്‍എസ്എസിന്റെ ആരോപണം.

എന്നാല്‍ ആര്‍എസ്എസിന്റെ ആരോപണം തള്ളി പൊലീസ് രംഗത്തെത്തി. കഴിഞ്ഞ ദിവസം പിണറായിയില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആളുകള്‍ക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായി നിന്നയാളാണ് ജിംനേഷ്. ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ആശുപത്രിയില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ജിംനേഷിന്റെ മരണത്തിന് കാരണം സിപിഎം ആണെന്ന ആരോപണം നേതൃത്വവും തള്ളി. ഞായറാഴ്ച പ്രദേശത്ത് ബാലസംഘത്തിന്റെ സമ്മേളനം ഉണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെ എത്തി കൊടികളും തോരണങ്ങളും നശിപ്പിച്ചു. ഇതേ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയായിരുന്നു.