ആര്‍.എസ്.എസ് ജനങ്ങള്‍ക്കിടയിലുള്ള ഐക്യം തകര്‍ക്കുന്നു

 

 

മത വര്‍ഗീയതയുടെ വിത്ത് പാകാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്ന് കെ ടി ജലീല്‍ എംഎല്‍എ. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ജനങ്ങള്‍ക്കിടയിലുള്ള ഐക്യം തകര്‍ക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു. പ്രതികരിക്കാന്‍ പോലും കോണ്‍ഗ്രസ് വിറങ്ങലിച്ചുവെന്നും കെ ടി ജലീല്‍ വിമര്‍ശിച്ചു. ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് സംസാരിക്കുകയായിരുന്നു കെ ടി ജലീല്‍.

മുത്തലാക് ബില്‍ പാസാക്കി കൊണ്ട് മതം അടിസ്ഥാനത്തിലുള്ള വിവേചനം നടപ്പിലാക്കി. മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് എന്ന് പറയുന്നത് പോലും ദേശവിരുദ്ധമായി കണക്കാക്കുന്ന കാലമാണ് ഇത്. രാജ്യം വെട്ടിമുറിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തി.

ചിലര്‍ക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാന്‍ ബിജെപി നേതാക്കള്‍ ഇറങ്ങുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് മാപ്പ് എഴുതി നല്‍കിയാല്‍ മക്കത്ത് താമസിക്കാം എന്ന് പറഞ്ഞു. അതിനേക്കാള്‍ എനിക്കിഷ്ടം ഇവിടെ മരിച്ച് വീഴുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി നേതാക്കളോടും ഞങ്ങള്‍ക്ക് പറയാനുള്ളത്് അതാണെന്ന് കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.