സമാധാന യോഗ തീരുമാനത്തിന് പുല്ലുവില; പാനൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ ആര്‍.എസ്.എസ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

സര്‍വ്വകക്ഷി സമാധാന യോഗ തീരുമാനം കാറ്റില്‍പ്പറത്തി ആര്‍.എസ്.എസ്. പാനൂര്‍ കൂറ്റേരിയില്‍ പാല്‍ സൊസൈറ്റി ജീവനക്കാരനു നേരെ ആര്‍എസ്എസ് വധശ്രമം. മൊകേരി ക്ഷീരസംഘം ജീവനക്കാരനും സിപിഐ എം സജീവ പ്രവര്‍ത്തകനുമായ കൈവേലിക്കല്‍ കാട്ടീന്റവിട ചന്ദ്രനെ(56)യാണ് ആര്‍.എസ.്എസ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുകാലുകളും അറ്റുതൂങ്ങാറായ നിലയിലാണ്. തലശേരി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

രാവിലെ ഒമ്പതേ മുക്കാലോടെ കൂറ്റേരി റേഷന്‍ കടക്കു സമീപമാണ് സംഭവം. പാല്‍വിതരണം ചെയ്ത് മടങ്ങുകയായിരുന്ന ചന്ദ്രന്റെ ഇരുചക്രവാഹനം തടഞ്ഞ അക്രമികള്‍ തുടര്‍ന്ന് വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. മട്ടന്നൂര്‍ അയ്യല്ലൂരില്‍ കഴിഞ്ഞ ദിവസം ഡോക്ടറടക്കമുള്ളവരെ വെട്ടിപ്പിളര്‍ന്നതിന്റെ നടുക്കം മാറും മുമ്പാണ് വീണ്ടും കണ്ണൂരില്‍ അക്രമം അരങ്ങേറിയത്.

കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനം ഉറപ്പിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ഇന്നലെ ധാരണയായിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചരണങ്ങളും ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു.

കളക്ടറുടെ അദ്ധ്യക്ഷതിയിലായിരുന്നു സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. ജില്ലയില്‍ സമാധാനം ഉറപ്പിക്കാനും ധാരണയായി. പ്രകോപനപരമായ പരാമര്‍ശങ്ങളോ പ്രസംഗങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലയില്‍ ഉത്സവകാലമാണ് ഇനി വരുന്നത്. ഇതിനോനുബന്ധിച്ച് കണ്ണൂരില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ ബി.ജെ.പി അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ വീട്ടിലെത്തിയാല്‍ സര്‍വ്വകക്ഷി സംഘം അവരെപ്പോയി കാണാനും യോഗത്തില്‍ ധാരണയായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ അണികള്‍ നടത്തുന്ന പ്രകോപനപരമായ പരമാര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു.