എം.പിമാരുടേത് പരിഹാസ്യമായ സമരം; ജനങ്ങളുടെ പിന്തുണ ഇല്ലെന്ന് എ. വിജയരാഘവന്‍

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എ.വിജയരാഘവന്‍. സമരാഭാസമാണ് നടക്കുന്നത്. വികസന പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന നടപടിയാണ് പ്രതിപക്ഷം ചെയ്യുന്നത്. കേരളത്തിലെ യു.ഡി.എഫ് എം.പിമാരുടേത് പരിഹാസ്യമായ സമരമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ചരിത്രത്തില്‍ തന്നെ ഇത്തരം വിവരക്കേട് കാണില്ല. കെ റെയിലിനെതിരെ യു.ഡി.എഫ് നടത്തുന്നത് ഒറ്റപ്പെട്ട സമരമാണ്. ജനപിന്തുണ ഇല്ല. എല്‍.ഡി.എഫ് ഭരണകാലത്ത് വികസന പ്രവര്‍ത്തനങ്ങല്‍ നടക്കരുതെന്ന വാശിയാണ് യു.ഡി.എഫിന്. ബി.ജെ.പിയും യു.ഡി.എഫും തമ്മില്‍ സംയുക്ത നീക്കമാണ് നടത്തുന്നത്. സാധാരണക്കാര്‍ക്ക് കാര്യം ബോധ്യപ്പെടുമെന്നും വിജയരാഘവന്‍ പറഞ്ഞു.

സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിയമപ്രകാരം മാത്രമേ സ്ഥലം ഏറ്റെടുക്കൂ. പ്രാഥമിക സര്‍വേ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും.

ഗ്രാമ പ്രദേശങ്ങളില്‍ നാലിരട്ടിയാണ് നഷ്ടപരിഹാരം. ഇന്നുവരെ ഇന്ത്യയില്‍ എവിടേയും കൊടുക്കാത്ത നഷ്ടപരിഹാരവും പുനരധിവാസവുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ സംസ്ഥാന വ്യാപകമായി ഇന്നത്തെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വേയുമായി മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കല്ലിടല്‍ നിര്‍ത്തി വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

സമരക്കാര്‍ വാഹനങ്ങളും സര്‍വേ ഉപകരണങ്ങളും ഉള്‍പ്പടെ കേട് വരുത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. വനിത ജീവനക്കാര്‍ക്ക് നേരെയും കയ്യേറ്റം നടത്തുന്ന സാഹചര്യമാണ്. ഈ സ്ഥിതിയില്‍ സര്‍വേയുമായി മുന്നോട്ട് പോകാനാവില്ല. പൊലീസ് സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രം സര്‍വേ തുടരാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.