മലയാളം ചാനലുകൾ ഒരു മണിക്കൂർ പ്രക്ഷേപണം നിർത്തുവാൻ തീരുമാനിച്ചിരുന്നെങ്കിൽ: ഏഷ്യാനെറ്റ്, മീഡിയ വൺ വിലക്കിലെ മാധ്യമ നിശബ്ദത, വിമർശനവുമായി ശശികുമാർ

മലയാള വാർത്താ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയ വൺ എന്നിവയ്ക്ക് മാർച്ച് 6 ന് രാത്രി 7.30 മുതൽ 48 മണിക്കൂർ നിരോധനത്തിന് ഉത്തരവിട്ട വാർത്ത വിതരണ മന്ത്രാലയം മുഖേനെയുള്ള കേന്ദ്ര സർക്കാരിന്റെ നടപടി വിചിത്രമായതും ഏകപക്ഷീയവും അപകടകരവുമാണ് എന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ. അതേസമയം ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ മറ്റ് മാധ്യമങ്ങളുടെ തണുത്ത പ്രതികരണം ദയനീയവും ദുഃഖകരവുമായിരുന്നു എന്നും ശശികുമാർ അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാർ നടപടി ഭരണഘടന (ആർട്ടിക്കിൾ 19 (1), ക്ലോസുകൾ) മൗലികാവകാശമായി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ്, രണ്ട് ചാനലുകൾക്ക് വാർത്ത വിതരണ മന്ത്രാലയം നൽകിയ നോട്ടീസുകളിൽ പരാമർശിച്ച കാര്യങ്ങളിൽ ഇരു ചാനലുകളും ഏതെങ്കിലും തരത്തിൽ തെറ്റായ റിപ്പോർട്ടിംഗ് നടത്തി എന്നതിലേക്ക് വിരൽ ചൂണ്ടുന്നില്ല. മന്ത്രാലയത്തിന്റെ നോട്ടീസിൽ ഉദ്ധരിച്ച ഒരു കാരണം റിപ്പോർട്ടുകളിൽ ആർ‌.എസ്‌.എസിനെ വിമർശിക്കുന്നു എന്നതാണ്! ഒരു രാഷ്ട്രീയ പാർട്ടിയെയോ സാംസ്കാരിക സംഘടനയെയോ പൊതുമേഖലയിൽ വിമർശിക്കുന്നത് എപ്പോഴാണ് നിയമവിരുദ്ധമായത്? ശശികുമാർ ചോദിച്ചു. 48 മണിക്കൂർ നിരോധനം കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുകയും, ഏഷ്യാനെറ്റ് പുലർച്ചെ 2.30 ഓടെയും മീഡിയ വൺ ഇന്ന് രാവിലെ 10 മണിയോടെയും പ്രക്ഷേപണം പുനരാരംഭിച്ചു. എങ്ങനെ, എന്തുകൊണ്ട് നിരോധനം റദ്ദാക്കി എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല, മന്ത്രാലയത്തിന്റെ അറിയിപ്പുകളൊന്നും ഇതുമായി വന്നിട്ടില്ല- ശശികുമാർ പറഞ്ഞു.

ചാനലുകൾ നിരോധിക്കപെട്ടപ്പോൾ സോഷ്യൽ മീഡിയ തൽക്ഷണം അസ്വസ്ഥ പ്രകടിപ്പിച്ചു എന്നാൽ മുഖ്യധാരാ മലയാള മാധ്യമങ്ങൾ കാര്യങ്ങൾ സാധാരണമെന്ന് നടിച്ചിരിക്കുകയായിരുന്നു. മറ്റ് മലയാള വാർത്താ ചാനലുകളുടെ ഈ വിഷയത്തിലെ നിശബ്ദത കാതടപ്പിക്കുന്നതായിരുന്നു. അവർ, ഓരോരുത്തരും അവരവരുടേതായ മാളങ്ങളിൽ ഒളിച്ചിരിക്കുന്നതായി തോന്നി.

ഈ നിഷ്ക്രിയത്വത്തിനും നിശബ്ദതയ്ക്കും പകരം, പ്രതിഷേധത്തിന്റെയും ഐക്യദാർഢ്യത്തിന്റയും അടയാളമായി ഇവിടെയുള്ള ഡസനോ അതിലധികമോ മലയാള വാർത്താ ചാനലുകൾ കഴിഞ്ഞ രാത്രി പ്രൈം സമയത്ത് സ്വമേധയാ, ഒരുമിച്ച്, ഒരു മണിക്കൂർ, വെറും ഒരു മണിക്കൂർ പ്രക്ഷേപണം നിർത്തിവയ്ക്കുവാൻ തീരുമാനിച്ചിരുന്നുവെങ്കിൽ ജനങ്ങളെ വിശ്വാസത്തിലെടുക്കുക മാത്രമല്ല ഭരണകൂടത്തെ കൊമ്പുകുത്തിക്കുക കൂടി ചെയ്യുമായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിനെതിരെ ഞെട്ടിക്കുന്ന മറുപടിയാകുമായിരുന്നു അത്. എന്നാൽ അത്തരമൊരു അവസരം നമ്മൾ നഷ്ടപ്പെടുത്തി, കാരണം ഔപചാരിക സംഘടനകളും അംഗത്വങ്ങളും ഉണ്ടായിരുന്നിട്ടും മാധ്യമങ്ങൾ ഐക്യപെട്ടിട്ടില്ല, ശശികുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.

Read more

https://www.facebook.com/sashi.kumar.33671/posts/2582912088612384